പ്രണയപ്പകയില്‍ പെണ്‍കുട്ടി ചമച്ച വ്യാജ കഥ. പോക്‌സോ കേസില്‍ ദുരൂഹതകള്‍; യുവാവിന് ക്രൂരമര്‍ദ്ദനമേറ്റ സംഭവം പ്രത്യേക സംഘം അന്വേഷിക്കും; കേസ് അവസാനിപ്പിക്കാന്‍ വിസമ്മതിച്ച് ജില്ലാ പോലീസ് മേധാവി; കൂടല്‍ സ്റ്റേഷനിലേക്ക് ഡിവൈഎഫ്ഐ മാര്‍ച്ച്

 


പത്തനംതിട്ട: കൂടലില്‍ പതിമൂന്നുകാരി നല്‍കിയ പീഡന പരാതി വ്യാജമാണെന്ന് തെളിഞ്ഞതിന് പിന്നാലെ, കേസിലെ ദുരൂഹതകള്‍ പൂര്‍ണ്ണമായി നീക്കാന്‍ വിശദമായ അന്വേഷണത്തിനൊരുങ്ങി പോലീസ്. കേസ് പെട്ടെന്ന് അവസാനിപ്പിക്കാന്‍ കൂടല്‍ പോലീസ് നീക്കം നടത്തിയിരുന്നെങ്കിലും, ജില്ലാ പോലീസ് മേധാവിയുടെ ഇടപെടലോടെ അന്വേഷണം വീണ്ടും ഊര്‍ജ്ജിതമാക്കുകയായിരുന്നു.

പ്രണയനൈരാശ്യം കൊണ്ട് മാത്രം ഒരു പെണ്‍കുട്ടി പത്തുപേര്‍ക്കെതിരെ ഇത്രയും ഗുരുതരമായ മൊഴി നല്‍കുമോ എന്ന കാര്യത്തില്‍ പോലീസിന് ഇപ്പോഴും സംശയമുണ്ട്. പരാതിക്ക് പിന്നില്‍ മറ്റെന്തെങ്കിലും ഗൂഢാലോചനയുണ്ടോ എന്നാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്. പോക്‌സോ കേസായതിനാല്‍ പെണ്‍കുട്ടിയെ ഒരിക്കല്‍ കൂടി കൗണ്‍സിലിംഗിന് വിധേയമാക്കാനും, കൃത്യമായ അന്വേഷണത്തിന് ശേഷം മാത്രം കോടതിയില്‍ റഫര്‍ ചാര്‍ജ് സമര്‍പ്പിച്ചാല്‍ മതിയെന്നുമാണ് നിലവിലെ നിര്‍ദ്ദേശം.

വ്യാജ പീഡന പരാതിയുടെ പേരില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന പരാതിയിലും ഇപ്പോള്‍ പ്രത്യേക അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ക്രൂരമര്‍ദ്ദനത്തിനിരയായ യുവാവ് ആഭ്യന്തരമന്ത്രിക്കും ഡിജിപിക്കും നേരിട്ട് പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് ജില്ലാ പോലീസ് മേധാവി അന്വേഷണത്തിന് ഉത്തരവിട്ടത്. പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളും മര്‍ദ്ദനവും അന്വേഷിക്കാന്‍ ഒരു പ്രത്യേക സംഘത്തെത്തന്നെ നിയോഗിക്കും.

അതേസമയം, പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പോലീസ് നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്തുവെന്ന ആരോപണവുമായി കുട്ടികളുടെ രക്ഷിതാക്കളും രംഗത്തെത്തിയിട്ടുണ്ട്. ഡിവൈഎഫ്ഐ പ്രതിഷേധ മാര്‍ച്ച് പോലീസ് നടപടിയില്‍ പ്രതിഷേധിച്ചും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടും ഡിവൈഎഫ്ഐ കൂടല്‍ പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. കേസ് അവസാനിപ്പിക്കുന്നതിന് മുന്‍പ് കസ്റ്റഡി പീഡനത്തിലും വ്യാജ പരാതിക്ക് പിന്നിലെ ഗൂഢാലോചനയിലും കൃത്യമായ മറുപടി വേണമെന്നാണ് നാട്ടുകാരുടെയും വിവിധ സംഘടനകളുടെയും ആവശ്യം.

 




Previous Post Next Post

ADD SPACE

ADD SPACE

ADD SPACE

ADD SPACE

Popular Items